ഹരിപ്പാട്: എട്ടു വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട്, ദേശീയപാത 66-ന്റെ വികസനത്തിനായി നങ്ങ്യാർകുളങ്ങരയിലെ വിവാദ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുതുടങ്ങി.
ജില്ലയിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയതിൽ വച്ച് ഏറ്റവും ഉയർന്ന തുകയായ 29 കോടി രൂപയാണ് സമുച്ചയത്തിന് നഷ്ടപരിഹാരമായി നിശ്ചയിച്ചത്. കെട്ടിടം പൂർണമായും പൊളിച്ചുനീക്കുന്നതോടെ നങ്ങ്യാർകുളങ്ങര ജംഗ്ഷനിലെ മേൽപ്പാലം നിർമാണത്തിനുള്ള പ്രധാന തടസം നീങ്ങും.
25 സെന്റ് ഭൂമിയിലായി രണ്ടു ബ്ലോക്കുകളിലായി 18 ഫ്ലാറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ എട്ട് സെന്റ് ഭൂമി മാത്രമാണ് ദേശീയപാതയ്ക്കായി ആദ്യം ആവശ്യമായിരുന്നത്. കിഴക്കുഭാഗത്തെ ബി ബ്ലോക്കിലെ ഒൻപത് ഫ്ലാറ്റുകൾ മാത്രം പൊളിച്ചുമാറ്റി പടിഞ്ഞാറുള്ള എ ബ്ലോക്ക് നിലനിർത്താനായിരുന്നു ദേശീയപാത അഥോറിറ്റിയുടെ ആദ്യ തീരുമാനം.
എന്നാൽ, കെട്ടിടം ഭാഗികമായി പൊളിക്കുന്നത് പ്രായോഗികമല്ലെന്നും അത് നിലനിൽപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഉടമകൾ കോടതിയെ സമീപിച്ചു. വിദഗ്ധ സമിതി നടത്തിയ പരിശോധനയിൽ കെട്ടിടം ഭാഗികമായി നിലനിർത്തുന്നത് സുരക്ഷിതമല്ലെന്ന് വ്യക്തമായതോടെയാണ് മുഴുവനായി പൊളിക്കാൻ കോടതി ഉത്തരവിട്ടത്.
ബി ബ്ലോക്കിലെ ഉടമകൾക്ക് വിപണി വിലയുടെ ഇരട്ടി തുകയും ആശ്വാസധനവും ഉൾപ്പെടെയുള്ള നഷ്ടപരിഹാരമാണ് നിശ്ചയിച്ചിരിക്കുന്നത്. എ ബ്ലോക്കിലെ ഉടമകൾക്ക് നിലവിൽ വിപണി വില മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ തീർപ്പാക്കുന്ന മുറയ്ക്ക് കൂടുതൽ തുക അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നങ്ങ്യാർകുളങ്ങര കവലയിൽ 35 മീറ്റർ വീതിയിൽ നിർമിക്കുന്ന രണ്ടു മേൽപ്പാലങ്ങളുടെ പണി ഈ കെട്ടിടം നിലനിന്നതിനാൽ വൈകിയിരുന്നു. കെട്ടിടം നീക്കം ചെയ്യുന്നതോടെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും.